Saturday, January 12, 2013

ബോധിച്ചുവട്ടിലെ കൂണ്






അണുശക്തിയെക്കുറിച്ചായിരുന്നു യാത്രയിലുടനീളം ഗൗതമൻ ആലോചിച്ചിരുന്നത്.  പച്ചപ്പിനാൽ മനോഹരമായ താഴ്വരകളിലൂടെ  സഞ്ചരിക്കുകയായിരുന്നു ട്രെയിൻ. ഇടയ്ക്കു നിർത്തിയ സ്റ്റേഷനുകളിലെ ജനത്തിരക്കിന്റെ ഒച്ചയും ബഹളങ്ങളും മാത്രമായിരുന്നു ആലോചനക്ക് ഭംഗം വരുത്തിയത്. ഒന്നാംക്ലാസ് കമ്പാർട്ടുമെന്റിന്റെ സുഖകരമായ തണുപ്പിൽ, തന്റെ ലാപ്ടോപ്പിന്റെ കാഴ്ചപ്പുറത്തും അയാൾ പരതിയത് അണുശക്തിയെക്കുറിച്ചായിരുന്നു.

പഠിക്കുന്നകാലത്ത് മൂലകങ്ങളെയും രാസസംയുക്തങ്ങളെയും പറ്റി വളരെയൊന്നും തല പുകയ്ക്കേണ്ടിവന്നിരുന്നില്ല. ഫ്രോയിഡിന്റെയും യുങ്ങിന്റെയുമൊക്കെ ആശയമണ്ഡലങ്ങളെ ഇഴകീറിയെടുത്ത് പുതിയ നിഗമനങ്ങളിലെത്തിയായിരുന്നു അയാൾ തന്റെ ഗവേഷണം വിജയകരമായി പൂർത്തിയാക്കിയത്. അധികം താമസിയാതെ തന്നെ ബാംഗ്ലൂരിലെ ലോകപ്രശസ്തമായ മാനസികാരോഗ്യ ഗവേഷണ കേന്ദ്രത്തിൽ ജോലിയും ലഭിച്ചു.  അതങ്ങനെയായിരുന്നു...  ജീവിതം എപ്പോഴും സൗമ്യമധുരമായിട്ടാണ് അയാൾക്കു വഴിപ്പെട്ടത്.  സമ്പത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആഹ്ലാദം ഓരോ വഴിത്തിരിവിലും കാത്തുനിന്നിരുന്നു.  അവയൊക്കെ ആസ്വദിക്കുക എന്ന കൃത്യം മാത്രം നടത്തിയാൽ മതിഎന്നാൽ അത്തരം ആസ്വാദനങ്ങളൊന്നും അതിരുവിടാതിരിക്കാനുള്ള പക്വത മുപ്പതു വയസ്സിനിടയിൽത്തന്നെ ഗൗതമൻ  നേടിയിരുന്നു.

ജീവിതത്തിലെ അത്തരമൊരു വഴിത്തിരിവിലാണ് മൈഥിലി അയാളെ കാത്തു നിന്നത്വ്യത്യസ്തമായ രണ്ടു പർവ്വത ശിഖരങ്ങളിൽനിന്ന് ഉരുവംകൊണ്ട രണ്ടരുവികൾ പൂർവ്വനിശ്ചിതമല്ലാത്ത ഒരു സ്ഥലരാശിയിൽ ഒന്നിച്ചുചേർന്ന് പ്രയാണം തുടരുന്നതുപോലെ തികച്ചും സ്വാഭാവികമായിരുന്നു അവരുടെ കണ്ടുമുട്ടലും സൗഹൃദവുംപിന്നീട് ഒന്നിച്ചുള്ള ഒഴുക്കിൽ പൊട്ടിച്ചിരികളും മകൻ രാഹുലിന്റെ തുള്ളിത്തെറിക്കലുകളും നിറഞ്ഞുനിന്നിരുന്നു.

സുഭിക്ഷമായിരുന്നു ഗൗതമന്റെ ബാല്യംതെരുവോരത്തെ മരച്ചില്ലകളിൽക്കെട്ടിയ തൊട്ടിലിൽ, മുലപ്പാലിനെക്കാൾ കൂടുതൽ, അധ്വാനശേഷം ഊർന്നിറങ്ങുന്ന വിയർപ്പുതുള്ളികൾ നുണയേണ്ടിവരുന്ന ശൈശവം അയാളുടെ വളർച്ചയുടെ കാണാമറയത്തായിരുന്നുവയൽച്ചേറിന്റെ മണമോ ഞാറ്റുപാട്ടിന്റെ ഈണമോ അറിയാതെ, രോഗപീഡകളുടെ അവശതയും തിരസ്കൃത വാർദ്ധക്യങ്ങളുടെ നിസ്സഹായതയുമറിയാതെ, വിളിപ്പുറത്തെത്തുന്ന സഹായികളാലും സ്നേഹത്താലും പരിചരിക്കപ്പെട്ട്, നവീന രുചികളാൽ പോഷിപ്പിക്കപ്പെട്ട് കടന്നുപോയ കൗമാരം.  അത്തരമൊരു കരുപ്പെടുത്തൽ പകർന്നു കൊടുത്ത ആത്മവിശ്വാസം അയാളുടെ പ്രവൃത്തികളിലും പ്രതിഫലിച്ചിരുന്നു.  അറ്റുപോയ ബന്ധങ്ങളെ വിളക്കിച്ചേർക്കുന്ന, താളം തെറ്റിയ മനസ്സുകളുടെ ചുളിവുകൾ നിവർത്തിയെടുക്കുന്ന അനേകം കൗൺസിലിങ്ങ് സെഷനുകളിൽ ആ ആത്മവിശ്വാസം കൈത്താങ്ങായിരുന്നു.

ആ വിജയകഥകളാണ് ഇങ്ങനെയൊരു ദൗത്യസംഘത്തിലെ അംഗമാകാൻ ഗൗതമന് നറുക്കു നേടിക്കൊടുത്തത്.  അകലെയൊരു കടൽത്തീര ഗ്രാമത്തിൽ, തങ്ങളുടെ ജീവിതത്തിനും ഉപജീവനത്തിനും മേൽ ഉയർന്നു വളരുന്ന ഒരു വിഷക്കൂണിനെതിരെ ഉയിരുകൊടുത്തു പൊരുതുന്ന ഗ്രാമീണരെ ആധുനിക മനശ്ശാസ്ത്ര സങ്കേതങ്ങളുപയോഗിച്ച്, ബോധവത്കരണത്തിലൂടെ ഭരണകൂടത്തിന്റെ വഴിക്കു കൊണ്ടുവരുക എന്നതായിരുന്നു അവരുടെ ദൗത്യം.  ചോരയൊഴുകാത്ത യുദ്ധങ്ങളും ഇടയ്ക്കെങ്കിലും അധികാരികൾക്ക് നടത്തണമായിരുന്നു.

ശാസ്ത്രത്തിന്റെ അക്ഷയപാത്രത്തിൽ നിന്നും സാധാരണക്കാരനു വിളമ്പാൻ കാലതാമസമുണ്ടാകുമെന്നും എന്നാലത് അസാധ്യമായ കാര്യമൊന്നുമല്ലെന്നും ഗൗതമൻ ധരിച്ചിരുന്നു.  അതുകൊണ്ട് അക്കാര്യം അവരെ ബോധ്യപ്പെടുത്തുക വെല്ലുവിളിയായി തോന്നിയതുമില്ല.  അതിനാൽത്തന്നെ, ആത്മവിശ്വാസത്തിന്റെ തീവണ്ടിയിലായിരുന്നു ഗൗതമൻ യാത്ര തുടങ്ങിയത്.  എന്നാൽ, വണ്ടി കുന്നുകളും പച്ചപ്പും പിന്നിട്ട് വറുതിയുടെയും ഊഷരതയുടെയും കാഴ്ചകളിലൂടെ ഓടിത്തുടങ്ങിയപ്പോഴേക്കും അയാൾ സന്ദേഹിയായി.  ലാപ്ടോപ്പിന്റെ ജാലകത്തിൽ അപ്പോഴേക്കും ആകാശത്തേക്കുയരുന്ന ഭീമാകാരമായ ഒരു കൂണും അതിനു താഴെ ചിതറിപ്പൊടിയുന്ന ഭൂമിയും മാംസം ഉരുകിയൊലിച്ച് നാലുപാടും പായുന്ന ജീവജാലങ്ങളും പല പ്രാവശ്യം വന്നുപോയിരുന്നു.  വർദ്ധിതോഷ്മാവിൽ വെന്ത വേലിക്കെട്ടുകൾ തകർത്ത ഊർജ്ജപ്രവാഹം കരിച്ചുകളഞ്ഞ കോശങ്ങളുമായി മരിച്ചുപോയവരുടെയും മരിച്ചു ജീവിക്കുന്നവരുടെയും കഥകൾ പലയാവർത്തി അയാൾ വായിച്ചു കഴിഞ്ഞിരുന്നു.  തങ്ങൾ സൃഷ്ടിച്ചെടുത്ത ഭൂതത്തെ തിരിച്ചടയ്ക്കാനുള്ള കുടങ്ങളും സംസ്കരിക്കാനുള്ള ശ്മശാനങ്ങളും തേടി പരക്കം പായുന്ന ശാസ്ത്ര സമൂഹത്തിന്റെ നിസ്സഹായാവസ്ഥ, വലക്കണ്ണികളിൽ  അവിടവിടെയായി തെളിഞ്ഞു വന്നിരുന്നു.

വിഷാദത്തിന്റെ നേർത്ത സന്ധ്യ ജാലകത്തിലൂടെ അരിച്ചു കയറി അയാൾക്കൊപ്പം യാത്ര തുടങ്ങി.

തീരദേശത്തെ ചെറിയ പട്ടണത്തിൽ ട്രെയിൻ നിന്നപ്പോൾ നേരം പുലർന്നുകഴിഞ്ഞിരുന്നു.  കടലിന്റെ വിയർപ്പുനിറഞ്ഞ ഉപ്പുകാറ്റ് വിസർജ്ജ്യങ്ങളുടെ ഗന്ധവുമായി കൂടിക്കുഴഞ്ഞ് അയാളെ വരവേറ്റു.  രാത്രിയിൽ പിണങ്ങിനിന്ന ഉറക്കത്തിന്റെ കനം കൺപോളകളിൽ തങ്ങിക്കിടന്നു.  സർക്കാർ ഗസ്റ്റ്‌ഹൗസിലേക്ക് വേറൊരു വാഹനത്തിൽ പോകേണ്ടിവന്നു.  ജോലിതുടങ്ങുംമുൻപ് പരിസരത്തെപ്പറ്റി കൂടുതൽ പഠിക്കണമെന്ന ആഗ്രഹത്താൽ മറ്റു സംഘാംഗങ്ങളെക്കാൾ രണ്ടു ദിവസം നേരത്തേ തിരിച്ചതായിരുന്നു അയാൾ.  എന്നാലും മുൻകൂട്ടി വിവരം അറിയിച്ചിരുന്നതിനാൽ താമസത്തിനു വേണ്ട ഏർപ്പാടുകളൊക്കെ തയ്യാറായിരുന്നു.  വളരെ പഴക്കം തോന്നിക്കുന്നതും അവിടുത്തെ ഭൂപ്രകൃതിക്കു തീരെ യോജിക്കാത്ത വിധത്തിൽ കരിങ്കല്ലുകൊണ്ടു നിർമ്മിച്ചതുമായിരുന്നു ആ ഇരുനിലക്കെട്ടിടം.  വിശാലമായ മുറ്റത്തിന്റെ അതിരിലായി നൂറ്റാണ്ടുകളുടെ പ്രായം തോന്നിക്കുന്ന ഒരു അരയാൽ കാറ്റു തുള്ളിക്കുന്ന ഇലകളുമായി പടർന്നു പന്തലിച്ചു നിന്നിരുന്നു.

പ്രഭാതകൃത്യങ്ങൾക്കും പ്രാതലിനും ശേഷം, മുകൾനിലയിൽ തന്റെ ജനാലയിലൂടെ വെളിയിലേക്കു നോക്കി, തന്നെപ്പൊതിഞ്ഞ് പൊറുതിമുട്ടിക്കുന്ന വ്യാകുലതയെ കുടഞ്ഞെറിയാൻ പണിപ്പെട്ടുകൊണ്ടിരുന്ന ഗൗതമന്റെ കാഴ്ചയിൽ, വിറയ്ക്കുന്ന ആലിലകളുടെ ഇടയിലൂടെ, ഭീമാകാരമായ താഴികക്കുടങ്ങൾ മണ്ണിലാഴ്ന്നുപോയ ഒരു ദേവാലയം പോലെ ആണവ നിലയം വെളിപ്പെട്ടു.  കനത്ത ചൂടിന്റെ ഒരല മുറിയിൽ കടന്നുകയറിയതായി തോന്നിയതിനാൽ ഗൗതമൻ സാവധാനം വെളിയിലേക്കിറങ്ങി ലക്ഷ്യമില്ലാതെ നടക്കാൻ തുടങ്ങി.

കടലിന്റെ കാരുണ്യത്താൽ മാത്രം തളിർത്തുനിൽക്കുന്ന ഒരു മുക്കുവഗ്രാമമായിരുന്നു അത്.  താൻ പരിചയിച്ചിരുന്ന സുഭിക്ഷതയുടെ എതിരറ്റം എവിടെച്ചെന്നവസാനിക്കുന്നു, അഥവാ എവിടെനിന്നു തുടങ്ങുന്നുവെന്ന് ഗൗതമനു വെളിപ്പെട്ടു.  പാഠപുസ്തകങ്ങളിൽ അന്യമായിരുന്ന ജീവിതങ്ങളായിരുന്നു അവയത്രയും.  ഏതേതു സിദ്ധാന്തങ്ങൾകൊണ്ട് ഇവയെ ഒക്കെ ബോധവത്കരിക്കണമെന്ന് എത്ര ശ്രമിച്ചിട്ടും അയാൾക്കു പിടികിട്ടിയില്ല.

വിശപ്പിലൂടെയും ദാഹത്തിലൂടെയും നടന്ന് സന്ധ്യയായപ്പോൾ അയാളൊരു സമരപ്പന്തലിനടുത്തെത്തി.  അപ്പോഴേയ്ക്കും മുദ്രാവാക്യങ്ങളുടെയും ചാനൽബഹളങ്ങളുടെയും ചൂടാറിത്തുടങ്ങിയ അവിടം വിശ്രമത്തിലേക്കു വീണിരുന്നു.  ക്ഷോഭത്തിന്റെയും നിസ്സഹായതയുടെയും മേൽ കെട്ടിയുയർത്തിയ മുളയുടെയും പനയോലയുടെയും ഒരു നിർമ്മിതിയായി, അണുശക്തിനിലയത്തിലേക്കുള്ള വഴിയിൽ അത് ഒറ്റപ്പെട്ട് നിന്നു.  താഴ്ന്ന തലയുമായി ഗൗതമൻ തന്റെ താവളത്തിലേക്കു തിരിച്ചു നടന്നു.

കുളിമുറിയിലെ തണുത്ത വെള്ളത്തിൽ പകലത്തെ അലച്ചിലിന്റെ വിയർപ്പും ഉപ്പും അലിഞ്ഞുപോയെങ്കിലും തലച്ചോറിലേയ്ക്കു കടന്നുകയറിയ വിഷാദത്തിന്റെ അവക്ഷിപ്തങ്ങൾ അങ്ങനെതന്നെ കിടന്നു.

അത്താഴശേഷം നിലാവിൽക്കുളിച്ച മുറ്റം മുറിച്ചുകടന്ന് ഗൗതമൻ അരയാൽച്ചുവട്ടിലെ ഭീമൻ വേരിൽ തന്റെ ആകുലതകളെ ഇറക്കിവെച്ചു.  മനുഷ്യന് അവന്റെ ജീവിതപൂർത്തീകരണത്തിന് ഏതളവിൽ പ്രാണവായു, ഏതളവിൽ ജലം, ഏതളവിൽ ഭൂമി എന്നിത്യാദി സമസ്യകൾ അയാൾക്കുള്ളിൽ നിറഞ്ഞുവന്നു.  ദുഃഖത്തിന്റെ മൂലകാരണം ദുരയാണെന്ന് കണ്ടെത്തിയ ഒരു പൂർവ്വഗാമിയുടെ രൂപം മനസ്സിൽ തെളിഞ്ഞു.  രോഹിണീ നദിയുടെ ഓരം ചേർന്ന്,  കല്ലിലൂടെയും മുള്ളിലൂടെയും നടന്ന് ബോധിവൃക്ഷച്ചുവട്ടിലെത്തിയ യാത്രയുടെ അവസാനം.  അർദ്ധ നിമീലിതങ്ങളായ മിഴികൾ.   ഭൂമിസ്പർശ മുദ്ര*.  പിന്നെ മറ്റൊരു യാത്രയുടെ തുടക്കം.

പകലത്തെ ഉപാപചയശേഷിപ്പായ പ്രാണവായു ആലിലകളെ വിറപ്പിച്ച് തഴേയ്ക്കിറങ്ങിവന്നു.  ബോധോദയത്തിന്റെ രാത്രിയിലേക്ക് ഗൗതമൻ സാവധാനം കണ്ണടച്ചു.

താനിരുന്ന ആൽച്ചുവടിന്റെ ചുറ്റുവട്ടമാകെ ചാരനിറമുള്ള വിഷക്കൂണുകൾ പൊട്ടിമുളയ്ക്കുന്നതും കാണെക്കാണെ അവ വളർന്നു ഭീമാകാരമാർജ്ജിക്കുന്നതും സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ  പ്രഭാതത്തിൽ ആലിന്റെ വേരിൽ ഉറക്കമുണർന്നത്.  മുറിയിലെത്തി പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ്, തനിക്കു കൈവന്ന ശാന്തിയിൽ ആശ്ചര്യപ്പെട്ട് ഗൗതമൻ വെളിയിലേക്കിറങ്ങി നടന്നു തുടങ്ങി.  അധികാരികളുടെ മാർഗ്ഗതടസ്സങ്ങളെയും പലവിധ ചോദ്യങ്ങളെയും കടന്ന് അയാൾ സാവധാനം സമുദ്രതീരത്തെത്തി.  അവിടെ, സമുദ്രജലത്തിൽ കഴുത്തോളം മുങ്ങി പ്രതിഷേധത്തിന്റെ ഒരു മനുഷ്യഭിത്തി തിരമാലകളിൽ ഇളകിക്കൊണ്ടിരുന്നു.  ജീവന്റെ ആദ്യകണങ്ങൾ നീന്തിത്തുടിച്ചു വളർന്ന ആ ജലരാശിയിലേക്ക് ഗൗതമൻ പതുക്കെ ഇറങ്ങിച്ചെന്നു.

                         00                     00                       00                        00

Note:  ഭൂമിസ്പർശ മുദ്ര സിദ്ധാർത്ഥന്റെ ബോധോദയ നിമിഷത്തെ കുറിക്കുന്നു.  കൂടുതൽ ഇവിടെ:‌